ഉൾക്കനംകൊണ്ട് വിസ്മയിപ്പിയ്ക്കുന്ന ഭാഷയാണ് ശ്രീ കെ.പി.ഉണ്ണിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്.
കഥ നെയ്തെടുക്കുമ്പോൾ സൂക്ഷ്മമായ പരിസരങ്ങളിൽ ശ്രദ്ധയൂന്നിപ്പറയുന്നതാണ് രീതി. ‘നിരാസത്തിന്റെ മേഘരൂപങ്ങൾ’ കെ.പി. ഉണ്ണിയുടെ പുതിയ സമാഹാരമാണ്. ജീവിതത്തിന്റെ നിരർത്ഥകതയെ ഏറ്റുവാങ്ങുന്ന മനുഷ്യന്റെ അവസ്ഥാന്തരങ്ങളെ കഥകൾ അനാവരണം ചെയ്യുന്നു.
മണ്ണും പെണ്ണും ഒരുപോലെ ചൂഷണം ചെയ്യുന്ന പുരുഷാധികാര വ്യവസ്ഥയെ വായിച്ചെടുക്കാൻ കഴിയുന്ന കഥയാണ് ‘ഒരേപോലത്തെ ആകാശം’. കഥയിലെ മൃണ്മയി ecofeminism ത്തിലൂടെ വായിച്ചെടുക്കാവുന്ന പ്രകൃതിയാണ്. ജലരേഖയിലെ ചൗക്കീദാർ ഉത്തരങ്ങൾ നൽകി ചോദ്യങ്ങൾ ചോദിയ്ക്കുന്നവനാണ്. ദളിത് അവസ്ഥകൾ കഥാകൃത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
‘നിർവ്വാണത്തിന്റെ ഘനരൂപങ്ങളി’ൽ ബുദ്ധനും പൈതഗോറസും കഥാപാത്രങ്ങളായി എത്തുന്നു.
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ നരച്ചുപോയൊരു പുഴയ്ക്കും തുരുമ്പുപിടിച്ച യന്ത്രങ്ങൾക്കുമിടയിൽ ദിശയറ്റുപോകുന്നൊരു മനുഷ്യനാണ് ‘ഒറ്റയ്ക്ക് നീന്തിക്കടക്കേണ്ട അസ്തമയ’ത്തിലെ നായകൻ. ജൈവപ്രകൃതിയും യന്ത്രങ്ങളും കോർത്തെടുക്കുന്ന മാനവാന്തരതയുടെ ആൾരൂപമാകുന്നുണ്ടയാൾ.
പതിനൊന്ന് കഥകളുടെ സമാഹാരമായ നിരാസത്തിന്റെ മേഘരൂപങ്ങൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് ലോഗോസ് ആണ്.